ഭർത്താവും ഭാര്യം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് ഒന്നര വയസുള്ള കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. സംഭവത്തിൽ, കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), മാരിയമ്മ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുകയായിരുന്ന മുരുകനും മാരിയമ്മയും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഈ സമയത്ത് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയ മകളെ മുരുകൻ വീടിന് പുറത്തേക്ക് എടുത്ത് എറിഞ്ഞു. ഈ വീഴ്ചയിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം അറിഞ്ഞ അയൽവാസികളാണ് കുഞ്ഞിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവിടെ നിന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെ തുടർന്നാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്