ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ച് എം.വി. ഗോവിന്ദൻ; സി.പി.എമ്മിന്റെ രണ്ട് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു

അന്തരിച്ച മുതിർന്ന സി.പി.എം. നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബംഗാളിലെ പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഗോവിന്ദൻ പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തെ തുടർന്ന് സി.പി.എമ്മിന്റെ ഇന്നത്തേയും നാളത്തേയും പൊതുപരിപാടികൾ മാറ്റിവെച്ചതായും കേരളത്തിലുടനീളം പാർട്ടി അനുശോചനയോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

‘സി.പി.എം. പി.ബി. അംഗമെന്ന നിലയിലും ബംഗാളിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലയിലാകെ നിറഞ്ഞുനിൽക്കുന്ന ക്രാന്തദർശിയായ ചിന്തകനെന്ന നിലയിലുമെല്ലാം ഇന്ത്യയിലെ ജനങ്ങൾ ബുദ്ധദേവ് ഭട്ടാചാര്യയെ നന്നായി മനസിലാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. രൂപീകരണവേളയിലാണ് ഞങ്ങളൊക്കെ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബംഗാളിനെ പുതിയ നാടാക്കി രൂപപ്പെടുത്തുന്നതിന് പ്രായോഗികതലത്തിൽ ഇടപെട്ട് മുമ്പോട്ടുപോയ ഒരു മാർക്സിസ്റ്റിനെയാണ് നഷ്ടമായിരിക്കുന്നത്.’ എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *