ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.
1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍, തൃശ്ശൂര്‍ രൂപതയ്ക്ക് വേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ.