ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം

കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം. ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിർദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

സിപിഎം നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ട‌ോബർ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിർവാഹക സമിതിയും തീരുമാനിച്ചത്. അതിനു വിരുദ്ധമായ തീരുമാനം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. 

Leave a Reply

Your email address will not be published. Required fields are marked *