ബാലരാമപുരത്തെ 2 വയസുകാരിയുടെ കൊലപാതകം ; കുറ്റമേറ്റ ഹരികുമാറിനെ വിശ്വാസത്തിലെടുക്കാതെ പൊലീസ് , മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ബാലരാമപുരത്ത് 2 വയസുകാരിയെ താൻ കിണറ്റിലിട്ട് കൊന്നതാണെന്ന അമ്മാവൻ ഹരികുമാറിന്റെ മൊഴി പൂർണ്ണമായി വിശ്വസിക്കാതെ പോലീസ്. ഹരികുമാർ കുറ്റമേറ്റതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട 2 വയസുകാരി ദേവേന്ദുവിൻ്റെ മാതാപിതാക്കളായ ശ്രീതു, ശ്രീജിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇവർ തമ്മിലുള്ള ദാമ്പത്യ പ്രശ്നം സംബന്ധിച്ച് അറിയാനാണ് പൊലീസ് നീക്കം. ശ്രീതുവിൻ്റെ അമ്മയെയും കേസിൽ പ്രതിചേർക്കുമെന്നാണ് വിവരം.

കോട്ടുകാൽക്കോണം സ്വദേശി ശ്രീതുവിന്‍റെയും ശ്രീജിത്തിന്‍റെയും മകളായ ദേവേന്ദുവിനെ പുലർച്ചെയോടെ വീട്ടിൽ നിന്നും കാണാതായിരുന്നു.പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഇവർ വാടയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. ബാലരാമപുരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുകയാണ്.കേസിൽ കുഞ്ഞിൻ്റെ മാതാപിതാക്കളും മുത്തശിയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ നൽകിയ മൊഴികളിലെ വൈരുധ്യങ്ങളാണ് അന്വേഷണത്തിലെ തടസം.

ശ്രീജിത്ത് കൊലപാതകം നടന്ന വീട്ടിൽ രണ്ട് മാസത്തോളമായി വരാറുണ്ടായിരുന്നില്ല. ശ്രീതുവിൻ്റെ അച്ഛൻ്റെ മരണത്തെ തുടർന്നാണ് ശ്രീജിത്ത് ഈ വീട്ടിലെത്തിയത്. ദമ്പതികൾ തമ്മിലുള്ള അകൽച്ചയുടെ കാരണം തേടുന്ന പൊലീസ് ശ്രീതുവും സഹോദരനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ശ്രീജിത്തുമായുള്ള തർക്കത്തിൽ എന്നും ശ്രീതുവിനൊപ്പം ശക്തമായി നിന്നത് സഹോദരൻ ഹരികുമാറായിരുന്നു. അമ്മയെയോ സഹോദരിയെയോ രക്ഷിക്കാൻ ഹരികുമാർ സ്വയം കുറ്റമേറ്റതാണോയെന്നാണ് പൊലീസിൻ്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *