ബലാത്സംഗ കേസ്: സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യു ഷോയ്ക്കും ഒപ്പം; തെളിവുകൾ ശേഖരിച്ചു

നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ കുരുക്ക് മുറുകുന്നു. കേസിൽ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്.

പരാതിയിൽ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും കണ്ടെടുത്തു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററിൽ പേര് ചെർത്തിരുന്നുവെന്ന് നടി മൊഴിയിൽ പറയുന്നു. ഇനി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടൻ സിദ്ദിഖിൽനിന്ന് വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *