ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിൽ നടന്ന ചോദ്യംചെയ്യലിൽ നേരത്തെ അവകാശപ്പെട്ടിരുന്ന നടിക്കെതിരായ വാട്‌സ്ആപ്പ് രേഖകൾ സമർപ്പിച്ചില്ല. സിദ്ദീഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. ഇന്ന് ഒന്നര മണിക്കൂർ ചോദ്യംചെയ്ത ശേഷം സിദ്ദീഖിനെ വിട്ടയച്ചു.
നടിക്കെതിരെ കൈയിലുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന രേഖകൾ കൈവശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദ്ദീഖ്. വാട്‌സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് കഴിഞ്ഞ ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു. 2016-17 കാലഘട്ടത്തിലുണ്ടായിരുന്ന മൊബൈൽ ഫോണും ഐപാഡും കാമറയും ഇപ്പോൾ കൈവശമില്ലെന്നാണ് സിദ്ദീഖ് അന്വേഷണസംഘത്തോട് പറഞ്ഞത്.
ഇന്നു രാവിലെ മകൻ ഷഹീനൊപ്പമാണ് സിദ്ദീഖ് സ്റ്റേഷനിലെത്തിയത്. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി മെറിൻ ജോസഫും കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽനിന്ന് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്.