ബലാത്സംഗ കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസിലാണ് ഇന്ന് രാവിലെ സിദ്ദീഖ് എത്തിയത്. എന്നാൽ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കൺട്രോൾ റൂമിലേക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് അയച്ചു.

ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ പൊലീസിന് മെയിൽ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നിട്ടും സിദ്ദീഖിനെതിരെ നടപടി സ്വീകരിക്കാതിരുന്നതിൽ അന്വേഷണ സംഘത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രണ്ടാഴ്ചയിൽ താഴെ മാത്രം സമയമാണ് അന്വേഷണ സംഘത്തിൻറെ മുന്നിലുള്ളത്.

ഈ സമയത്തിനുള്ളിൽ സിദ്ദീഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സാഹചര്യത്തെളിവുകൾ ലഭിച്ചിരുന്നു. ഇതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ഹരജി ഹൈകോടതി തള്ളി. തുടർന്ന് ഒളിവിൽ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്താലും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *