കോട്ടയത്ത് പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മാഞ്ഞൂരിലെ ബീസ ക്ളബ് ഹൗസിന് മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയതിലാണ് പ്രതിഷേധമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ ഹോട്ടലുടമ ഷാജിമോൻ ജോർജിനെതിരെയാണ് കടുതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.
മുൻപ് ഹോട്ടലിന് പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് നടുറോഡിൽ കിടന്നുകൊണ്ട് സമരം ചെയ്യുകയും മന്തിതല ഇടപെടലിലൂടെ നമ്പർ നേടിയെടുത്ത് ഹോട്ടൽ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ് ഷാജിമോൻ. ഹോട്ടലിന് മുൻപിലായി പുറംപോക്കിൽ നിന്നിരുന്ന പ്ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങി നശിച്ചതിന് പിന്നാലെ പ്രകൃതി സ്നേഹികൾ പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി പൊലീസിലും ജില്ലാ കളക്ടർക്കും വനംവകുപ്പിനും പരാതിയും നൽകി.ഹോട്ടലുടമ ഷാജിമോൻ പ്ളാവ് രാസവസ്തു കുത്തിവച്ച് കരിക്കുകയായിരുന്നുവെന്നാണ് പരിസ്ഥിതി സംരക്ഷകരുടെ ആരോപണം. തുടർന്ന് നടത്തിയ സമരത്തിനിടെ ഹോട്ടലിന് മുന്നിൽ പ്രതിഷേധക്കാരെ തടയാൻ ഷാജിമോനും സംഘവും ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ പൊഫ. കുസുമത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ പ്രകടനവുമായി ഹോട്ടലിന് മുന്നിലെത്തിയത് കൂടുതൽ സംഘർഷങ്ങൾക്കിടയാക്കുകയായിരുന്നു. ഷാജിമോൻ സമരക്കാർക്കുനേരെ പാഞ്ഞടുക്കുകയും ബഹളം വയ്ക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കുസുമവുമായി വാക്കേറ്റവുമുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷാജിമോൻ തന്നെ തള്ളിവീഴ്ത്താൻ ശ്രമിച്ചുവെന്നും കുസുമം ജോസഫ് പരാതിയിൽ പറയുന്നു.