ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിന്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ഓൺലൈനായി പങ്കെടുക്കും. എന്നാൽ കോൺക്ലേവിൽ പങ്കെടുക്കില്ലന്നായിരുന്നു നേരത്തെ അറിയിച്ചത്.
കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂർ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.
സംസ്ഥാന തലത്തിലെ കോൺഗ്രസ് വേദികളിൽ ശശി തരൂരിൻറെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണൽ കോൺഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. ഡോ. എസ് എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ.
കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും ക്ഷണിച്ചത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോൺക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു തരൂരിന് ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും. എന്നാൽ നാളത്തെ പരിപാടിയിൽ കെ സുധാകരൻ ഓൺലൈനായി പങ്കെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.