പ്രിന്‍സിപ്പലിന് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാൻ അവകാശമില്ല; വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തെറ്റ്: മന്ത്രി

വിദ്യാര്‍ഥിയെ  പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല.

‘മോഡല്‍ പരീക്ഷയില്‍ കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ നൂറ് ശതമാനം വിജയം നേടണമെങ്കില്‍ പരീക്ഷ എഴുതാതിരിക്കണം. എന്നാല്‍ പ്രിന്‍സിപ്പലിന് ഹാള്‍ടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിര്‍ത്താനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല’- മന്ത്രി പറഞ്ഞു.

കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള, ഒലവക്കോട് റെയില്‍വേ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി എസ്. സഞ്ജയിനെയാണ് മാര്‍ച്ച് ഒന്നിനുനടന്ന ഫിസിക്‌സ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്. മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുകാരണം ഹാളില്‍ കയറ്റാതെ സ്‌കൂളധികൃതര്‍ തിരിച്ചയച്ചെന്നാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കല്പാത്തി വലിയപാടം വി.എസ്. സുനില്‍കുമാറാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സുനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. അതേ സമയം വിചിത്ര മറുപടിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയത്. ബാക്കി വിഷയങ്ങള്‍ നന്നായി പഠിക്കാനാണ് കുട്ടിയെ പരീക്ഷ എഴുതിക്കാതിരുന്നതെന്നാണ് പ്രിന്‍സപ്പലിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *