രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിലെത്തും. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിനു സമർപ്പിക്കും. കൂടതെപ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.
ഇന്നു വൈകിട്ടു 4ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് വിമാനത്താവള പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിയുടെ പൊതുസമ്മേളനത്തിൽ മോദി പ്രസംഗിക്കും. 6 മണിക്ക് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നിർവഹിക്കും.
കൊച്ചി മെട്രോയുടെ എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിക്കുന്നത്.
തുടർന്ന് പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയാണ്. നാളെ രാവിലെ 9.30നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്കു തിരിക്കും.