പ്രതിഷേധത്തിന്റെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാനാവില്ല: ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.

ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാനായില്ലെന്ന്  ഹര്‍ജിക്കാര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചും നിര്‍മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് പ്രതിഷേധങ്ങള്‍ സമാധാനപരമാവണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാന്‍ നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഹര്‍ജിയില്‍ മറ്റന്നാള്‍ വിശദ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *