പ്രതിപക്ഷ വേട്ടയിൽ തുറന്നടിച്ച് എൻഡിഎ എംപി ഗജാനൻ കീർത്തിക്കർ

പ്രതിപക്ഷത്തെ ഇ.ഡി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന്  എൻഡിഎ പക്ഷത്തെ സിറ്റിങ് എംപിയും ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷക്കാരനുമായ ഗജാനൻ കീർത്തിക്കർ. മകനെതിരെ അന്വേഷണം വന്നതോടെയാണ് സഖ്യകക്ഷിയായ ബിജെപിയുടെ േവട്ടയാടൽ രാഷ്ട്രീയത്തിനെതിരെ വാർത്താസമ്മേളനത്തിൽ കീർത്തിക്കർ ആഞ്ഞടിച്ചത്.

മകനും മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള ശിവസേനാ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിയുമായ അമോൽ കീർത്തിക്കർക്കെതിരെയുള്ള ഇ.ഡി നടപടിയാണു പ്രകോപനകാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ദുരുപയോഗം ചെയ്യുന്നുവെന്നു വിമർശിച്ചു.‌ 

കോവിഡ്കാലത്ത് മുംബൈ കോർപറേഷനു വേണ്ടി കിച്ചഡി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കരാറിൽ കോടികളുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് അമോൽ കീർത്തിക്കറെ ഇ.ഡി പലവട്ടം ചോദ്യം െചയ്തത്.

മുംബൈ നോർത്ത് വെസ്റ്റ് എംപിയായ ഗജാനൻ കീർത്തിക്കർ ശിവസേന പിളർന്നപ്പോൾ ഷിൻഡെ വിഭാഗത്തിനൊപ്പം പോയി. എന്നാൽ, മകൻ അമോൽ കീർത്തിക്കർ ഉദ്ധവ് പക്ഷത്തു തുടർന്നു. മറുകണ്ടം ചാടിയ അച്ഛൻ കഴിഞ്ഞ തവണ മത്സരിച്ച സീറ്റിൽ ഉദ്ധവ് പക്ഷം അമോലിനെ രംഗത്തിറക്കിയതോടെയാണ് ഇ.ഡി നടപടി ശക്തമാക്കിയത്. സ്ഥാനാർഥിയായ അമോലിനെ കഴിഞ്ഞയാഴ്ച 6 മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. 

ഒട്ടേറെ കാര്യങ്ങൾ മോദി ചെയ്തിട്ടുണ്ട്. അതു മാത്രം മതി ബിജെപിക്ക് വോട്ട് കിട്ടാൻ. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല. – ഗജാനൻ കീർത്തിക്കർ എംപി 

Leave a Reply

Your email address will not be published. Required fields are marked *