പ്രണയപ്പകയിൽ യുവതിയെ കൊന്ന കേസ്; ഒഡീഷ സ്വദേശി പിടിയിൽ

പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടമൽ ചെൻചെടി ബന്ധ ബജുസ്വാതി സാഹുവിന്റെ മകൾ റ്വിതിക സാഹു (25) കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ഒഡീഷ സ്വദേശിയുമായ കണ്ടമൽ റമിനി ഗുഡ ബാദി രൂപമതിയുടെ മകൻ സാമുവൽ രൂപമതി (28) അറസ്റ്റിലായത്.

ഈ മാസം രണ്ടിനു പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംക്‌ഷനു സമീപമുള്ള  കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റ്വിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയത്ത് ചികിത്സയിലിരിക്കെ നാലിന് രാത്രി 11 മണിയോടെ മരിച്ചു. റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കൃത്യത്തിന് ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമനി ഗുഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിലവിൽ ഒഡീഷയിൽ നിന്നും അരൂർ,പൂച്ചാക്കൽ, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രതിയുമായി പരിചയമുള്ള നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയുടെ സ്ഥലത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നെന്നും റ്വിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി എത്തി റ്വിതികയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചു. 

 പൂച്ചാക്കലിൽ എത്തിച്ച പ്രതിയെ  സംഭവസ്ഥലത്ത് എത്തിച്ച് സാക്ഷികളെ കാണിച്ചും തെളിവുകൾ ശേഖരിച്ചും അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂച്ചാക്കൽ പൊലീസ് ഇൻസ്പക്ടർ എൻ.ആർ. ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *