‘പോയ് തരത്തിൽ കളിക്ക്’; അൻവറിനെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പാർട്ടി രൂപീകരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജ്. മുതിർന്ന നേതാവ് എംവി രാഘവന് സാദ്ധ്യമാകാത്തത് പുതിയ കാലത്ത് സാധിക്കുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ടെന്നും പിഎം മനോജ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആർ ജയിലിൽ എത്തി.

ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങൾ. മുറിവുകൾ തൊട്ട് നോക്കി ആശ്വാസ വാക്കുകൾ.

ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവരാൻഉഗ്രശാസന..! ഞങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എം വി ആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. നാടാകെ യോഗങ്ങൾ. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകൾ ഇല്ല. പത്രങ്ങൾ വിധിയെഴുതി. മാർക്‌സിസ്റ്റ് പാർട്ടി തീർന്നു!

എം വി ആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാദ്ധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എടാ മോനെ ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്!

Leave a Reply

Your email address will not be published. Required fields are marked *