പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്പെക്ടർക്കെതിരെ പരാതി

രാമവർമപുരം പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയോട് ഇൻസ്പെക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ആംഡ് പൊലീസ് ഇൻസ്പെക്ടർക്കെതിരേയാണ് പരാതി. മേയ് 17നാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ആംഡ് റിസർവ് ഇൻസ്പെക്ടർ മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി എഴുതിനല്‍കി.

രേഖകൾ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇൻസ്പെക്ടർ ഓഫിസിലേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് തന്നെ കടന്നുപിടിച്ചെന്നും ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നു. രക്ഷപ്പെട്ട യുവതി ഓഫിസിൽ നിന്ന് ഇറങ്ങിപ്പോയി. രണ്ടു ദിവസത്തിനുശേഷം വീണ്ടും ഇൻസ്പെക്ടറിൽനിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റമുണ്ടായെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അക്കാദമിയുടെ ഡയറക്ടർക്ക് പരാതി കൈമാറുകയും ആഭ്യന്തര അന്വേഷണസമിതി അന്വേഷിക്കുകയും ചെയ്തിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും തുടർനടപടികളെടുക്കുക. 

Leave a Reply

Your email address will not be published. Required fields are marked *