പൊലീസുകാരൻ പ്രതിയായ മോഷണ കേസ് ഒത്തുതീർപ്പായി; പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു

പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്. 

അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം  മോഷ്ടിച്ചത്. വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ്  മോഷ്ടിച്ചത്. 

സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാൻ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിൻറെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താൻ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. 

Leave a Reply

Your email address will not be published. Required fields are marked *