പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം

തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. ആസാം സ്വദേശിയായ റാബുൽ ഹുസൈൻ (11) ആണ് മരിച്ചത്. റാബുലിന്റെ കാലുകൾക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസും കെഎസ്ഇബിയും അന്വേഷണം ആരംഭിച്ചു.

രാവിലെ 11.30ഓടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രി ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപയോഗശൂന്യമായ കമ്പി എന്ന് കരുതി പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കരുതുന്നത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും റാബുൽ മരിച്ചിരുന്നു. തോട്ടത്തിൽ വൈദ്യുതി കമ്പി പൊട്ടിവീഴാനിടയായ സാഹചര്യത്തെകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കമ്പി പൊട്ടിയിട്ട് വൈദ്യുതി വിതരണം നിർത്തി വയ്ക്കാനോ കമ്പി നീക്കാനോ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചും വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *