പേടി കൊണ്ടാണ് ഉദ്‌ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത്: ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ.

പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സത്യത്തെ കുറച്ച്‌ കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല.

അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യത്തെ ചരക്കുകപ്പല്‍ സാൻഫെർണാണ്ടോയ്ക്ക് ഇന്ന് സർക്കാർ സ്വീകരണമൊരുക്കും. ചടങ്ങ് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനാവാള്‍ വിശിഷ്ടാതിഥിയാവും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാവും.

മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ.ബാലഗോപാല്‍, സജി ചെറിയാൻ, ജി.ആർ.അനില്‍, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, എം.വിൻസന്റ് എം.എല്‍.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറല്‍ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനി, പ്രദീപ് ജയരാമൻ, വിസില്‍ എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിക്കും. പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *