പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍

ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. ചെന്നൈ തൊരൈപാക്കത്തുവെച്ചാണ് പ്രതി ആദംപാക്കം സ്വദേശി സതീഷ് പൊലീസ് പിടിയിലായത്. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് മാതാപിതാക്കൾ മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.

രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ സത്യയുടെ അച്ഛന്‍ മാണിക്യത്തിന്‍റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു. വിഷക്കായ കഴിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. തിരക്കേറിയ ചെന്നൈ സെന്‍റ് തോമസ് മൗണ്ട് സബ് അർബൻ സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ചെന്നൈയിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു സത്യ. സത്യയുടെ പുറകെ ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി സതീഷ് പിന്തുടര്‍ന്നിരുന്നു. ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തി.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ ഇയാൾ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട് സത്യ തൽക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *