പുനെ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പുനെയിലെ ബാവ്ധാനില്‍ ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു.

പുനെയിലെ ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എൻസിപി നേതാവിന് വേണ്ടി റായ്​ഗഡിലേക്ക് ചാർട്ട് ചെയ്ത ഹെലികോപ്റ്ററായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *