പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വത്തിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുമെന്നും കെ. മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
‘തത്കാലം തെലങ്കാനയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. കെ. കരുണാകരൻ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങൾ ആറാം തീയതിക്കുശേഷം ഞാനും പറയാം’, അദ്ദേഹം പ്രതികരിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ഉമ്മൻചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയിൽനിന്ന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.