പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കാലാശം നാളെ , അവസാനഘട്ട പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം അവസാന ലാപ്പിലാണ് . നാളെയാണ് പുതുപ്പള്ളിയിൽ കൊട്ടിക്കലാശം. അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികൾ. പാമ്പാടിയിലാണ് മുന്നണികൾ കൊട്ടിക്കലാശം നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ വാഹന പര്യടനം നടത്തും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ കാണും . ഇന്ന് മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും നടക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തില്‍ ആണ് അവസാന ദിവസ പര്യടനം. രാവിലെ 8.30ന് മണ്ണൂര്‍പ്പള്ളി ജങ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം ബെന്നി ബഹന്നാന്‍ എംപി ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് മണല്‍ ജംഗ്ഷനില്‍ പര്യടനം സമാപിക്കും. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഇന്ന് പ്രചാരണത്തിനായി ശശി തരൂരും എത്തുന്നുണ്ട്. വൈകിട്ട് നാലിനു മണര്‍കാട് മുതല്‍ പാമ്പാടിവരെ തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്പാടിയിലും പരിപാടികളില്‍ പങ്കെടുക്കും.

എന്‍ഡിഎ സ്ഥാനാർഥി ലിജിൻലാൽ ഇന്നും വാഹന ജാഥയോടെയാണ് പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തുക. കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം നൽകുക . ദേശീയ വക്താവ് അനിൽ ആന്റണി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണത്തിനായി മണ്ഡലത്തിൽ ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *