‘പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം’; കണ്ണൂര്‍ എഡിഎമ്മിന്റെ മരണം ഞെട്ടിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്. ജില്ലാ കളക്ടർ പങ്കെടുത്ത യോഗത്തിലേക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കപ്പെടാത്ത വേദിയിലെത്തി എഡിഎമ്മിനെ അപമാനിച്ചത് മനപൂർവ്വമാണ്.

ദിവ്യയുടെ വഴിവിട്ട ശുപാർശ എഡിഎം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമെന്ന് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണം.

സിപിഎം നേതാക്കൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ആത്മവിശ്വാസം തകർക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് വഴിവിട്ട സഹായം ചെയ്തു കൊടുത്തില്ലെന്ന തെറ്റിന് ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെട്ടത്. പിപി ദിവ്യ ഉടൻ സ്ഥാനം രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *