പിഡബ്ല്യുഡി പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നിന്റെ ഭാ​ഗമായി പാലത്തിനടിയിൽ ജിമ്മും ബാഡ്മിന്റൺ കോർട്ടും

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വകുപ്പുകൾ ഡിസൈൻ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങൾക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇവിടങ്ങളിൽ ഓപ്പൺ ജിമ്മും ബാഡ്‌മിന്റൺ കോർട്ടുകളും സ്ഥാപിക്കുമെന്നും അറിയിച്ചു. കൂടാതെ കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കും സംസ്ഥാന തലത്തിൽ പദ്ധതി ആദ്യമായി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ മന്ത്രി കേന്ദ്ര സർക്കാരിന് സംസ്ഥാനത്തോട് പക പോക്കുന്ന പോലുള്ള നിലപാടാണെന്നും തുറന്നടിച്ചു. മുൻപ് രാജ്യത്ത് കോ-ഓപ്പറേറ്റീവ് ഫെഡറലിസമാണ് നിലനിന്നതെന്നും ഇന്നത് പീനലൈസിങ് ഫെഡറലിസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് വലിയ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട പലതും കേന്ദ്രസർക്കാർ വെട്ടിക്കുറക്കുകയാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വിമർശിച്ചു. കൂടാതെ സംസ്ഥാന മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഈ പകപോക്കലിന് കാരണമെന്നും, സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിലും സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ കാര്യത്തിലുമടക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി അവഗണന നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *