പിഎൻബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ബഹളം, കൗൺസിലർമാർക്ക് സസ്‌പെൻഷൻ

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയർ ഇത് തള്ളി. ഇതിനു ശേഷവും പ്രതിഷേധം തുടർന്ന 13 യുഡിഎഫ് കൗൺസിലർമാരെ മേയർ ബീന ഫിലിപ്പ് സസ്‌പെൻഡ് ചെയ്തു. തുടർന്ന് കൗൺസിൽ യോഗം പിരിഞ്ഞു, 

ഇന്നത്തെ കോർപ്പറേഷൻ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ, ബിജെപി അംഗം റിനീഷ് എന്നിവർ പിഎൻബി ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോർപ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയർ പറഞ്ഞു. ഈ പലിശ തുക തരാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നുവെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. വിശദീകരണം നൽകിയ ശേഷം പ്രമേയത്തിന്  അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാൽ അനുമതി നിഷേധിക്കുന്നുവെന്നും മേയർ അറിയിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ കൗൺസിൽ നടപടികൾ മേയർ അൽപസമയത്തേക്ക് നിർത്തിവച്ചു. എന്നാൽ മേയർ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടർന്നു. 

ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ്  ശോഭിത കെ.സി. ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത കൗൺസിലർമാരെ സസ്പെന്റ് ചെയ്തതായി മേയർ ബീന ഫിലിപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗൺസിൽ പിരിയുകയും ചെയ്തു. ഇതോടെ യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *