പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കും- കെ മുരളീധരൻ

ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് കെ. മുരളീധരൻ. ഒരിടത്തും അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി എ ഗ്രേഡ് മണ്ഡലമെന്നു പറയുന്ന എല്ലായിടത്തും ഞങ്ങൾ ശക്തമായിത്തന്നെ രംഗത്തുണ്ടാകും. അവരെ മൂന്നാം സ്ഥാനത്തേക്കയക്കും. കേരളമണ്ണിൽ അവർക്ക് ഇനി നിലംതൊടാൻ കഴിയില്ല-മാധ്യമപ്രവർത്തകരോട് മുരളി പറഞ്ഞു. വളരെ മിടുക്കനായ യുവാവാണ് ഷാഫി പറമ്പിൽ എന്നു പറഞ്ഞ മുരളീധരൻ, വടകരയിൽ ഷാഫിക്ക് ദൗത്യം ഭംഗിയായി നിർവഹിക്കാനാവുമെന്നും പറഞ്ഞു. ശൈലജ ടീച്ചർക്ക് ഡൽഹിയിലേക്ക് ടിക്കറ്റെടുക്കേണ്ടി വരി​ല്ലെന്നും കൂപ്പൺ ഉപയോഗിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരാമെന്നും മുരളി പരിഹസിച്ചു.

വടകരയിൽനിന്ന് തൃശൂരിലേക്ക് മാറണമെന്ന് ഇന്നലെ രാത്രിയാണ് എന്നെ വിളിച്ചറിയിച്ചത്. പാർട്ടി എന്ത് ഏൽപിച്ചാലും അത് നിർവഹിക്കാൻ സന്നദ്ധനാണെന്ന് മറുപടിയും നൽകി. പാർട്ടി ഏൽപിച്ച ദൗത്യം വിജയകരമായി ഏറ്റെടുക്കുകയെന്നതാണ് എന്റെ ചുമതല. സന്തോഷപൂർവം അതേറ്റെടുക്കുന്നു. വട്ടിയൂർകാവിൽ ഒരു കുടുംബാംഗം പോലെയാണ് ഞാൻ കഴിഞ്ഞത്. അന്ന് ഇതുപോലെ പെട്ടെന്ന് മാറിയാണ് വടകരയിൽ വന്നത്. അതിനനുസരിച്ചുള്ള വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. അതുകൊണ്ട് തൃശൂരിലെ ദൗത്യവും ഏറ്റെടുക്കുന്നു. ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുകയും തൃശൂർ സീറ്റ് നിലനിർത്തുകയുമാണ് ലക്ഷ്യം. എന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് പ്രാർഥിച്ചശേഷം നാളെ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *