പാലക്കാട് വിമത കൺവെൻഷൻ , ഞെട്ടി സിപിഐഎം ; നീക്കം ജില്ലാ സെക്രട്ടറിക്ക് എതിരെ

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുളള പൊട്ടിത്തെറി ശക്തമാകുന്നു. ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നാരോപിച്ച് സിപിഎമ്മിനെ ഞെട്ടിച്ച് പാലക്കാട് വിമതർ കൺവൻഷൻ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻറ് സതീഷ് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കൺവെൻഷൻ നടത്തിയതെന്നും സതീഷ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിക്കകത്തെ എതിർനീക്കങ്ങളോട് തത്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിൻറെ തീരുമാനം.

സിപിഐഎം ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തിയാണ് സിപിഐഎം പ്രവർത്തകരുടെ വിമത കൺവെൻഷൻ നടന്നത്. കോൺഗ്രസ് വിട്ടു വന്ന പി സരിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയ സിപിഐഎമ്മിന്, കൊഴിഞ്ഞാമ്പാറയിൽ കൈ പൊള്ളുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷിന്റെ നേതൃത്വത്തിലാണ് കലാപം. കൊഴിഞ്ഞാമ്പാറയിലെ 37 അംഗ ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ യോഗത്തിൽ പങ്കെടുത്തു.കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുത്തതിലെ പ്രതിഷേധമാണ് സമാന്തര നീക്കത്തിലെത്തിച്ചത്. ഒരു വർഷം മുമ്പ് കോൺ​ഗ്രസ് വിട്ടെത്തിയയാളെ ലോക്കൽ സെക്രട്ടറിയാക്കിയതിന് എതിരെയാണ് കലാപക്കൊടി. സിപിഎം ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ഇത് അംഗീകരിക്കാനിലെന്നുമാണ് ഇവരുടെ നിലപാട്.

സംസ്ഥാന നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സമാന്തര നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊഴിഞ്ഞാമ്പാറയിലെ നീക്കം ജില്ല നേതൃത്വത്തിന് തലവേദനയായതോടെ നേതാക്കൾ ഇടപ്പെട്ട് അനുനയനീക്കം തുടങ്ങി. എന്നാൽ തത്കാലം നടപടി വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന് തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നം പരിശോധിക്കും. കൺവെൻഷനിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾക്കെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *