പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പൊലീസിനൊപ്പം കൊല നടത്തിയ സ്ഥലത്തും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുത്തത്.
രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പോത്തുണ്ടിയിലെ ബോയൻ കോളനിയിലേക്കാണ് പൊലീസ് പ്രതിയുമായി എത്തിയത്. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. കൊടുവാൾ വീട്ടിൽ വെച്ചശേഷം പാടവരമ്പിലൂടെ ഓടി. ഇതിനിടയിൽ കമ്പി വേലി ചാടി കടന്നപ്പോൾ ശരീരത്തിൽ ചെറിയ മുറിവേറ്റു . പകൽ മുഴുവൻ പാടത്തെ ചെറിയ ചാലിൽ തന്നെ നിന്നു .
രാത്രി കനാലിലൂടെ മലകയറി. അവിടെ ഒരു ഗുഹയിലായിരുന്നു താമസം. പൊലീസ് ജീപ്പിന്റെ വെളിച്ചം പലവട്ടം കണ്ടു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്. സ്ത്രീകൾ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു. പൊലീസിന് ഏറെ പഴി കേൾക്കേണ്ടി വന്ന കേസായതിനാൽ പഴുതടച്ച നടപടിക്രമങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൻ സുരക്ഷയാണ് പോത്തുണ്ടി മുതൽ ബോയൻ കോളനി വരെ ഒരുക്കിയത്. എന്നാൽ, നാട്ടുകാർ പൊലീസിനോട് പൂർണമായി സഹകരിച്ചു.
നാളെ വൈകിട്ട് മൂന്നുവരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളതെന്നും അതിനുള്ളിൽ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനാണ് കൊണ്ടുവന്നതെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു. സുധാകരനെ കണ്ടതും അതിനുശേഷം നടന്ന സംഭവങ്ങളുമെല്ലാം പുനരാവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. വീട്ടിൽ നിന്ന് തിരിച്ചുപോകുന്നതും മലയിലേക്ക് രക്ഷപ്പെട്ടതും ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം പ്രതി കാണിച്ചു തന്നുവെന്നും ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഡിവൈഎസ്പി പറഞ്ഞു. കൂടുതൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു. നാട്ടുകാരും തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചു.