പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് ; പൊലീസ് വീഴ്ച അന്വേഷിക്കാൻ എഡിജിപിയുടെ നിർദേശം

പാലക്കാട് നെന്മാറ കൊലക്കേസിലെ പൊലീസ് വീഴ്ച അന്വേഷിക്കാൻ എഡിജിപിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്.പിക്ക് നിർദ്ദേശം നൽകി . പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാതിരുന്നത് ഗൗരവമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യ ഉപാധി നെന്മാറ പഞ്ചായത്ത് പരിധി എന്നാക്കി മാത്രമാണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി മാറ്റിയത്. കോടതി ഉത്തരവ് ലംഘിച്ചാണ് പ്രതിയായ ചെന്താമര നെന്മാറ പഞ്ചായത്ത് പരിധിയിലെ പോത്തുണ്ടിയിൽ എത്തിയത്. ഇത് സംബന്ധിച്ച പരാധി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല . കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ പൊലീസ് അറിയിച്ചില്ല . കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ ജാമ്യം റദ്ദാക്കാൻ വരെ സാധ്യത ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം 29 ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതിയായ ചെന്തമര സ്റ്റേഷനിൽ കയറാൻ തയ്യറാവാതിരുന്നതിനാൽ SHO ഇറങ്ങി വന്ന നടപടിയും തെറ്റാണെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അഭിപ്രായം ഉണ്ട്. പൊലീസിന് എതിരായി ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയു ഉള്ള എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്. പിക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *