പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കരയില്‍ രമ്യാ ഹരിദാസ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രമ്യ ഹരിദാസ്.

എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. അന്തിമപട്ടിക ഹൈക്കമാന്റിന് കൈമാറും. ഔദ്യോഗിക തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാവും ഉണ്ടാവുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും.

1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില്‍ കെ രാധാകൃഷ്ണനന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല് രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി.

2006ല് രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *