പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത; സുരേന്ദ്രനായി ഒരു വിഭാഗം, ശോഭാ സുരേന്ദ്രൻ വരണമെന്ന് മറ്റുള്ളവർ

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാാന അധ്യക്ഷൻ കെ. സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചു.

മറുവശത്ത് ശോഭാ സുരേന്ദ്രൻ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപെട്ടു. കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി. കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.

അതേസമയം ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.

കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. ഇതിനിടെയാണ് നിര്‍ണായക നീക്കവുമായി സുരേഷ് ഗോപി കളത്തിലിറങ്ങിയത്.

അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ സി. കൃഷ്ണകുമാര്‍ വിഭാഗം പാരയാകുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെയും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 

പാലക്കാട് ശോഭ സുരേന്ദ്രനെ  മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബി ജെ പി യിലെ ഒരു വിഭാഗം നേതാക്കൾ. ശോഭ മത്സരിച്ചാൽ മറ്റേത് നേതാവിനേക്കാൾ വിജയം ഉറപ്പെന്നാണ് നേതാക്കളുടെ പക്ഷം. പാലക്കാട് ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്നും തെരഞ്ഞെടുപ്പിൽ അവരെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാലുവാരിയാൽ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ പറഞ്ഞു.

ശോഭയെ പാർട്ടിയിലുള്ളവർ തന്നെ കാലു വാരിയാൽ അവരുടെ എല്ലിന്‍റെ എണ്ണം കൂടുകയും പല്ലിന്‍റെ എണ്ണം കുറയുകയും ചെയ്യുമെന്നും എൻ ശിവരാജൻ പറഞ്ഞു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാൻ തിരക്കിട്ട നീക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുമ്പോള്‍ സി കൃഷ്ണകുമാറിനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ.

Leave a Reply

Your email address will not be published. Required fields are marked *