പാലക്കാട്ടെ പാതിരാ റെയ്ഡ് ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ

പാലക്കാട്ടെ പാതിരാ റെയ്ഡിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. സ്ത്രീത്വത്തെ അപമാനിച്ചിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ഷാനിമോൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കേസ് എടുത്തില്ലെങ്കിൽ അങ്ങനെ വിട്ട് കൊടുക്കില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്ത ഇത്രയും വലിയ സംഭവമുണ്ടായിട്ടും രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കേരള പൊലീസ് ആ വിഷയത്തെ നോക്കിക്കാണുന്നതെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. ഒരു പരാതി നൽകിയിട്ടും എഫ്ഐആർ പോലും ഇടാതെ രാഷ്ട്രീയ പ്രേരിതമായി സിപിഎം ഇടപെടൽ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനങ്ങളുടെ മുന്നിൽ ഒന്നും പറയാനില്ലാത്തതിനാൽ പാതിരാ നാടകം, ട്രോളി വിവാദം, കാഫിർ വിവാദം, മാഷാ അള്ളാ വിവാദം എന്നിവ ഉണ്ടാക്കിയതിലൂടെ സിപിഎമ്മിന്റെ വികലമായ രാഷ്ട്രീയമാണ് വ്യക്തമാകുന്നതെന്നും ഷാനിമോൾ പറഞ്ഞു.

പാതിരാ റെയിഡിന് പിന്നിൽ മന്ത്രി എം.ബി രാജേഷാണെന്ന് ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. മന്ത്രിയാണ് റെയ്ഡ് നടത്താൻ നിർദ്ദേശം നൽകിയത്. എല്ലാത്തിന്റെയും പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം എം.ബി രാജേഷാണ്. തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം എല്ലാം അദ്ദേഹത്തിന്റേതാണ്. എന്നാൽ, ഒരു ദിവസം പോലും ഓടാതെ പടം പൊളിഞ്ഞെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *