പാലക്കാട്ടെ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവെച്ചു

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതൽ ആഗസ്ത് 2 വരെ) നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂർണ്ണമായും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും വൻഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *