പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് തിരൂര്‍ സതീഷ്

തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന് കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ പറഞ്ഞാല്‍ ഒരാളെ പുറത്താക്കാന്‍ പറ്റുമോയെന്ന് തനിക്കറിയില്ല. അങ്ങനെയെങ്കില്‍ അതിനുശേഷം താന്‍ ജില്ലാ ഓഫീസിനു വേണ്ടി ബാങ്കില്‍ പണം അടച്ചത് എങ്ങനെയാണെന്നും സതീഷ് ചോദിച്ചു. 2023 നാലാം മാസത്തില്‍ അടച്ചതിന്റെ രസീതും ചലാനും തിരൂര്‍ സതീശന്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

അന്ന് പണമെത്തിക്കുന്ന സമയത്ത് താനും ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ എന്നയാളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഓഫീസ് അടയ്ക്കാന്‍ വരട്ടെ, കുറച്ച് മെറ്റീരിയല്‍സ് വരാനുണ്ടെന്ന് പറഞ്ഞത്. ആറു ചാക്കുകളാണ് വന്നത്. ടെമ്പോയിലാണ് ചാക്കുകള്‍ കൊണ്ടു വന്നത്. നേതാക്കള്‍ പറഞ്ഞത് അനുസരിച്ച് ധര്‍മ്മരാജന് താമസിക്കാന്‍ മുറി അറേഞ്ച് ചെയ്തു നല്‍കി. ബിജെപി ജില്ലാ ഓഫീസില്‍ കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്ന വ്യക്തിയാണ് താനെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. എല്ലാ കാര്യങ്ങളും പൊലീസിന് മൊഴി നല്‍കും.പണം കൈകാര്യം ചെയ്തതിന്‍റെ രേഖകള്‍ കൈവശമുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് മുന്‍ ജില്ലാ ട്രഷററാണ്. സംഭവത്തിന് 20 ദിവസം മുമ്പ് ധര്‍മ്മരാജന്‍ ആദ്യം ഓഫീസില്‍ വന്നിരുന്നു. അന്ന് സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും ജില്ലാ ഓഫീസില്‍ ഉണ്ടായിരുന്നു. അദ്ദേഹം അന്ന് വെറും കയ്യോടെയാണ് വന്നത്. ഓഫീസുമായി ബന്ധപ്പെട്ട് തന്നെ ഏല്‍പ്പിച്ച ജോലിയാണ് ചെയ്യാറ്. കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കാന്‍ പോയിരുന്നില്ല എന്നും തിരൂര്‍ സതീഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *