പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവം; സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയെന്ന് ചെന്നിത്തല

കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ പാട്ടുംപാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് രംഗത്ത് വന്നു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചിൽ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസ്സിന്റെ സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കളക്ടർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *