പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം; വെന്റിലേറ്ററിൽ 12 വയസ്സുള്ള കുട്ടിയും

കളമശ്ശേരി സ്‌ഫോടനത്തിൽ മെഡിക്കൽ കോളേജുൾപ്പടെയുള്ള വിവിധ ആശുപത്രികളിലായി 52 പേരാണ് ചികിത്സയ്ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. സ്‌ഫോടനത്തിൽ മരിച്ച സ്ത്രീ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. 18 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ഒരാൾക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. 

ആറു പേരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. നിലവിൽ കുട്ടി വെന്റിലേറ്ററിലാണ്. ലഭ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. 37-ഓളം പേർ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്. മെഡിക്കൽ കോളേജിൽ ഐ.സി.യുവിലുള്ളത് 10 പേരാണ്. 10 പേർ വാർഡിലാണ്. ഇവർക്ക് സാരമായ പൊള്ളലില്ലാത്തതിനാൽ വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്‌തേക്കാം. കൂടാതെ രാജഗിരി ആശുപത്രിയിൽ ഒരാളും സൺറൈസ് ആശുപത്രിയിൽ ഒരാളും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ട്. ആസ്റ്റർ മെഡിസിറ്റിയിൽ 2 പേർ വെന്റിലേറ്ററിലാണ്.

Leave a Reply

Your email address will not be published. Required fields are marked *