കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തിൽ ഏറ്റവുമധികം വികൃതമാക്കിയത്.
പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. സംഭവത്തിൽ കേസ് കൊടുക്കും. എന്നാൽ അത് മാത്രമല്ല പ്രധാനം. ജനങ്ങൾ ഇത് മനസിലാക്കണം. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും പികെ ശ്രീമതി പറഞ്ഞു.