പത്തനംതിട്ട തിരുവല്ല സിപിഐഎമ്മിൽ ഭിന്നത രൂക്ഷം ; നിർത്തി വെച്ച ലോക്കൽ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമിച്ചു

രൂക്ഷമായ വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സിപിഐഎം പത്തനംതിട്ട തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. വിമർശനങ്ങൾ ചർച്ച ആകാതെയിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ട് പൂഴ്‌ത്തിവെച്ച റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നത്.

ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നിർത്തിവെച്ചത്. സമ്മേളനത്തിൽ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം പ്രതിനിധികളിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്ത പ്രവർത്തന റിപ്പോർട്ടാണിത്. പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവ് സി.സി. സജിമോനെ പിന്തുണച്ച മുതിർന്ന നേതാക്കൾക്കെതിരെ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ട്. അങ്ങനെയുള്ള റിപ്പോർട്ട് സമ്മേളനത്തിൽ ചർച്ചയാകാതിരിക്കാനാണ് തിരികെ വാങ്ങിയത്.

റിപ്പോർട്ടിലെ പ്രധാന വിമർശനങ്ങൾ ഇങ്ങനെ, പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ മുൻ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നടപടിയെടുക്കാൻ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന നിർദേശം നൽകി. ഐസക്കിനെ തോൽപ്പിക്കാൻ വ്യാപമായി പ്രവർത്തിച്ചു.

പ്രവർത്തന റിപ്പോർട്ട് തിരികെ വാങ്ങിയത് മാത്രമല്ല, സി.സി. സജിമോനെ പിന്തുണയ്ക്കുന്നവരെ ഒഴിവാക്കി പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുക്കമെന്ന ആവശ്യവും പ്രതിഷേധത്തിനു കാരണമായിരുന്നു. നിർത്തിവെച്ച ലോക്കൽ സമ്മേളനം ഇതുവരെ നടത്താനായിട്ടില്ല. തിരുവല്ല ഏരിയ സമ്മേളനം ഡിസംബർ 11 ന് തുടങ്ങും. അതിന് മുൻപ് ടൗൺ നോർത്ത് സമ്മേളനം പൂർത്തിയാക്കണം. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾ ഉൾപ്പെടെ സമവായ നീക്കങ്ങൾക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തിരുവല്ല സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതിയൽ പരുമല ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരും കഴിഞ്ഞദിവസം കൂട്ടരാജി സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *