പത്തനംതിട്ടയിൽ കളിക്കുമ്പോൾ വീണ് പരിക്ക് പറ്റിയ അഞ്ചരവയസുകാരൻ ചികിത്സയിലിരിക്കേ മരിച്ചു. സ്കൂളിൽ കളിക്കുന്ന സമയത്താണ് വീണ് പരിക്ക് പറ്റിയത്. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥിയായ ആരോൺ വി. വർഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സ്കൂളിൽ വീണ് ആരോണിന് പരിക്ക് പറ്റിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം കുഞ്ഞിനെ വീട്ടുകാർ റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച് ഏകദശം പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.