പേരൂർക്കട വഴയിലയിൽ വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂജപ്പുര ജയിലിൽ റിമാൻഡിൽ ആയിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി രാജേഷാണു (49) മരിച്ചത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ജയിലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അധികൃതർ പറഞ്ഞത്.
സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ജയിൽ അധികൃതരോടു റിപ്പോർട്ട് തേടി. സുരക്ഷാവീഴ്ചയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രാജേഷ് ഇന്നലെ പുലർച്ചെയോടെ ശുചിമുറിയിലേക്കു പോയ ശേഷം തിരിച്ചുവരാത്തതിനെ തുടർന്നു നടന്ന തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 15ന് വഴയിലയിൽ നടുറോഡിൽ വച്ച് പങ്കാളിയായ നന്ദിയോട് വയറ്റടി തടത്തരികത്ത് എസ്.സിന്ധുവിനെ (49) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.