നെൻമാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി: ഇന്ന് കോടതിയിൽ ഹാജരാക്കും

നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. 

നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ​ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. അതേസമയം, താൻ ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിക്കാൻ ആനയുടെ മുമ്പിൽ നിന്നിട്ടും മരിച്ചില്ലെന്നും പ്രതി പറയുന്നു. 

പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്ന് ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇയാൾ പിടിയിലായത്. ‍പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു.

പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പ്രകോപിതരായി അടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *