നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി നല്‍കിയ ഹര്‍ജി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്ളിക്സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച്‌ നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്ബരയെ കുറിച്ച്‌ നെറ്റ്ഫ്ളിക്സ് തയ്യാറാക്കിയ കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി കഴിഞ്ഞ മാസം 22നാണ് പുറത്തിറങ്ങിയത്. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്ബരക്കെതിരെ ഹര്‍ജി നല്‍കിയത്.

തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതെക്കുറിച്ച്‌ തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം.

ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിട്ടുണ്ട്. ഹ്രസ്വചിത്ര പ്രദര്‍ശനം കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിന്മേല്‍ വ്യക്തത വരുത്തിയാവും കോടതി നിലപാടെടുക്കുക. ചികിത്സാ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *