‘നീതികരിക്കാനാകാത്തത്; ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ’: രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട് ക്ഷോഭത്തോടെ കോടതി ആരാഞ്ഞു. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുള്ള പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.

രാവിലെ ഹർജി പരിഗണിച്ച കോടതി സ്പെഷല്‍ കമ്മിഷണറോ പൊലീസിനും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും കേസ് പരിഗണിക്കുമ്പോൾ ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. വാച്ചറുടെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിക്കു കൈമാറി. ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫിസറും റിപ്പോർട്ട് നൽകി. 

അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ടിൽ അറിയിച്ചു. ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെ  ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേർത്തിട്ടുണ്ട്. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിർദേശിച്ചു. വിഷയം ഹൈക്കോടതി 24 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *