നിപ വൈറസ് വ്യാപന ഭീതി ഒഴിയുന്നു; രണ്ട് ദിവസമായി പുതിയ കേസുകളില്ല

ജില്ലയിൽ നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടർച്ചയായി രണ്ട് ദിവസം പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയി. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്.

ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ട്. ഇന്നലെ 44 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1233 ആയി. ഇതിൽ 352 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വീണ ജോർജ് പറഞ്ഞു.

രോഗലക്ഷണങ്ങളുള്ള 23 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും നാല് പേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയിലുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 34617 വീടുകൾ ആരോഗ്യപ്രവർത്തകർ ഇതുവരെ സന്ദർശിച്ചു. അതേസമയം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് ജില്ലയിലെത്തും. നിപ ബാധിത പ്രദേശങ്ങളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിക്കും. സംഘം മറ്റന്നാൾ വരെ ജില്ലയിലുണ്ടാകും. ആളുകൾ കൂട്ടം ചേരുന്നതിനുൾപ്പെടെ ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *