നിപ; വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്: വീണാ ജോർജ്

നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് പറഞ്ഞ മന്ത്രി, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരോ വൈറസിൽ നിന്നായിരുന്നു, ഇത്തവണയും സമാനാണെന്നും കൂട്ടിച്ചേർത്തു. അതേസമയം പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ ജാഗ്ര കൈവിടരുതെന്നും അമിത ആത്മവിശ്വാസം വേണ്ട എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്ക് ധരിക്കുന്നത് തുടരണം. കണ്ടെയ്ൻമെന്റ് വളണ്ടിയർമാരുടെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *