നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; പക്ഷേ സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്: വീണാ ജോ‍ർജ്ജ്

കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോ​ഗ്യമന്ത്രി വീണാ ജോ‍‍ർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോ​ഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

 രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ലഭിച്ചിരുന്നു. പ്രോടോകോൾ ഉണ്ടാക്കിയിട്ടുണ്ട്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗ്ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ (കഴിഞ്ഞ 30 ന് മരിച്ച ആൾ) സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാകാമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *