‘നിനക്ക് എവിടെ വരെ പഠിക്കണം, ഞാന്‍ പഠിപ്പിക്കും; എന്റെ കുട്ടിയെ പോലെ ഞാന്‍ നോക്കും’; ബാലന്റെ വിഷമം മാറ്റി ഗണേഷ് കുമാർ

വീടില്ലാത്ത വിഷമിക്കുന്ന അമ്മയേയും മകനേയും ചേര്‍ത്ത് നിര്‍ത്തി പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാറിന്റെ വാക്കുകൾ. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ – സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഈ വാക്കുകള്‍. വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേർത്തു നിർത്തുന്ന ഗണേഷ് കുമാർ എംഎൽഎയുടെ വിഡിയോയിലാണ് വൈറലായ ഈ വാക്കുകളുള്ളത്. പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും എംഎല്‍എ ഉറപ്പുനല്‍കുന്നുണ്ട്.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ് കുമാർ കൈത്താങ്ങായത്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും ഗണേഷ് കുമാർ കുട്ടിക്കു വാക്കു നൽകുന്നു. ഈ ചേര്‍ത്തുപിടിക്കലിന്റെ സന്തോഷത്തില്‍ കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. കുട്ടിയോട് നന്നായി പഠിക്കണമെന്ന് വീണ്ടും വീണ്ടും ചേർത്തുപിടിച്ച് പറയുന്നുമുണ്ട്. വീടു പണിക്കായി എല്ലാവരും ആത്മാർഥമായി ശ്രമിക്കണമെന്ന് കൂടെ നിൽക്കുന്ന നാട്ടുകാരെയും ജനപ്രതിനിധികളെയും ഓർമിപ്പിക്കുന്നുമുണ്ട്.

‘വീടു വച്ചു നൽകുന്ന പദ്ധതികൾ നടപ്പിലാക്കാറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമാണ് സഹായമെത്തിക്കാറ്. പ്രവാസികളായ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇതു നടപ്പിലാക്കുക. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്. ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. അവർക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ്. അവർക്ക് സ്ഥലം ഉണ്ടോയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയിച്ചു.’ – ഗണേഷ് കുമാർ പറഞ്ഞു.

‘സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാൾ കഷ്ടപ്പെട്ടാലാകും ഒരു വീട് പണിയാനാകുക എന്നു നമുക്കറിയാം. ലൈഫ് പദ്ധതിയിൽനിന്ന് പല കാരണങ്ങൾ അവർ‌ക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയേയും മകനെയും കാണുന്നതും അവർക്ക് വീടു വച്ചു നൽകാൻ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് പണി തീർത്ത് വീടു വച്ചു നൽകും. ‘– ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *