‘നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ എന്ന നിലപാട് വേണ്ട’; മുകേഷിന്റെ രാജിയിൽ ബൃന്ദ

പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം.

ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എൽ.എ. എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തിൽ പരോക്ഷമായ പരാമർശമുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന മറുവാദം ഉയർത്തിയാണ് മുകേഷ് ഇപ്പോൾ രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം. കൈക്കൊണ്ടിരുന്നത്. മുന്നണി കൺവീനർ തന്നെ ഈ നിലപാട് വ്യാഴാഴ്ച പറയുകയും ചെയ്തു. എന്നാൽ ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമർശമാണ് ബൃന്ദയുടെ ലേഖനത്തിലുള്ളത്.

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്തതു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തിൽ കൈക്കൊള്ളേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പ്രയോഗത്തിലൂടെ ബൃന്ദ ലേഖനത്തിൽ പറയുന്നു. ലൈംഗിക പീഡന കേസിൽ ആരോപണ വിധേയരായ രണ്ട് എം.എൽ.എമാരെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങൾ ഇവരെ പിന്തുണയ്ക്കുന്നെന്നും ബൃന്ദ വിമർശിക്കുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തിലെ പരോക്ഷ വിമർശനം. ഹേമാ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസർക്കാരിന്റെ നിലപാടിനെയും ലേഖനത്തിൽ ബൃന്ദ പ്രകീർത്തിക്കുന്നുണ്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോൺഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *